Monday, December 20, 2010

ഉപഭോക്താവിന്റെ അവകാശം

വില കൊടുത്തോ കൊടുക്കാമെന്ന കരാറിലോ ഏതെങ്കിലും സാധനമോ സേവനമോ ഉപയോഗിക്കുന്ന ആള്‍ ഉപഭോക്താവാണ്. ഉപഭോക്താവിന് പല അവകാശങ്ങളും ഉണ്ട്. അത് പക്ഷെ എല്ലാവര്‍ക്കും അറിയുകയുമില്ല! അവകാശങ്ങള്‍ എന്തൊക്കെ?
  • സുരക്ഷക്കുള്ള അവകാശം.
  • ഉല്പന്നം അല്ലെങ്കില്‍  സേവനം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അറിയാനുള്ള അവകാശം.
  • തെരഞ്ഞെടുക്കാനുള്ള അവകാശം.
  • പരാതിപെടാനുള്ള അവകാശം.
  • പരിഹാരം തേടുവാനുള്ള അവകാശം.
  • ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം.
മുകളില്‍ പറഞ്ഞ അവകാശങ്ങള്‍ ലഭിക്കണമെങ്കില്‍ ഉപഭോക്താവ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
  • വാങ്ങുന്ന സാധനങ്ങള്‍ക്കുള്ള  അല്ലെങ്കില്‍ സേവനത്തിനുള്ള  ബില്ല് ചോദിച്ചു വാങ്ങുക.
  • അളവും തൂക്കവും ശരിയെന്നു ബോധ്യപ്പെടുക.
  • ഇലക്ട്രോണിക് സാധനങ്ങളുടെ പ്രവര്‍ത്തനം ശരിയാണെന്ന് ബോധ്യപ്പെട്ടു വാങ്ങുക.
  • പായ്ക്ക് ചെയ്ത സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉല്പന്നത്തിന്റെ പേര്, പായ്ക്ക് ചെയ്ത തീയതി, നിര്‍മാതാവിന്റെ / വിതരണക്കാരന്റെ പൂര്‍ണമായ മേല്‍വിലാസം, സാധനത്തിന്റെ തൂക്കം, ഭക്ഷണ സാധനമാണെങ്കില്‍ കാലാവധി കഴിയുന്ന തീയതി പരമാവധി ചില്ലറ വില്പന വില എന്നിവ ഉണ്ടെന്നു ഉറപ്പുവരുത്തുക.
  • "വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല" എന്ന പ്രസ്താവന ബില്ലില്‍ ഉള്‍പെടുത്തിയിട്ടില്ലെന്നു ഉറപ്പു വരുത്തുക.
 ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പരിഹരിച്ചു കിട്ടാനായി ഉപഭോക്തൃ  തര്‍ക്ക പരിഹാര ഫോറം  / കമ്മീഷനെ സമീപിക്കാവുന്നതാണ്. ‍ പൊതുവായിട്ടുള്ള തര്‍ക്കമാണെങ്കില്‍ ജില്ലാ ഉപഭോക്തൃ സംരക്ഷണ കൌണ്‍സിലില്‍ പരാതി നല്‍കി പരിഹാരം തേടാം. കേരളത്തിലെ ഓരോ ജില്ലയിലും ഒരു ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉണ്ട്.

പരാതിക്ക് കാരണമായ സംഭവം ഉണ്ടായ ദിവസം മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പരാതി സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന മേല്‍വിലാസത്തില്‍ നിന്നും അറിയാന്‍ കഴിയും.

സംസ്ഥാന  ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍,
ശിശു വിഹാര്‍ ലൈന്‍, വഴുതക്കാട്, ശാസ്തമംഗലം P . O .
തിരുവനന്തപുരം - 10
ടെലിഫോണ്‍ : 0471-2725157





ഷാജി എസ്. വി.

Wednesday, December 1, 2010

സോളാര്‍ വാട്ടര്‍ ഹീറ്റര്‍

ഒരു വീട് വച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഞാനൊരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍ കൂടി സംഘടിപ്പിച്ചു! ഇതുകൊണ്ടുള്ള പ്രയോജനമെന്ത്? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കുളിക്കാന്‍ ചൂടുവെള്ളം കിട്ടുമല്ലേ? എന്നാല്‍ അത് മാത്രമല്ല പ്രയോജനം. സോളാര്‍ വാട്ടര്‍ ഹീറ്റെറില്‍  നിന്നുമുള്ള ചൂടു വെള്ളം പുറത്തേക്കു വരുന്ന കുഴല്‍ ഒരെണ്ണം അടുക്കളയിലേക്കു കൂടി ഘടിപ്പിക്കൂ പാത്രം കഴുകാനും  മറ്റും ഈ ചൂടു വെള്ളം ഉപയോഗിക്കാം. കൂടാതെ ഏകദേശം 55 മുതല്‍ 80 ഡിഗ്രി വരെ ചൂട് കിട്ടുന്ന ജലം പാചകത്തിനും ഉപയോഗിക്കാം. അപ്പോള്‍ ഗ്യാസും  ലാഭം.  അത്രയും വെള്ളം ചൂടാക്കാന്‍ ചിലവാകുന്ന ഗ്യാസിന്റെ   കാര്യമാണ്  ഞാന്‍ ഉദേശിച്ചത്‌!.

പകല്‍ സൂര്യപ്രകാശം നല്ലവണ്ണം കിട്ടുകയാണെങ്കില്‍ ചൂടാകുന്ന വെള്ളം ചൂട് നഷ്ടപ്പെടാത്ത സംഭരണികളില്‍ ആണ് സൂക്ഷിക്കപ്പെടുന്നത് അതിനാല്‍ അടുത്ത ദിവസം രാവിലെ പോലും ചൂട് വെള്ളം കിട്ടും. പക്ഷെ മേഘം മൂടിക്കിടക്കുന്ന ദിവസങ്ങളില്‍ ചൂട് കുറവായിരിക്കും.
ചെറു ചൂട് വെള്ളത്തിലെ കുളി നമ്മുടെ ശരീര  പേശികളുടെ പിരിമുറുക്കം കുറക്കും എന്നുള്ളത് നമുക്കെല്ലാം അറിവുള്ള കാര്യമാണല്ലോ! വൈദ്യുതി ഉപയോഗം ഇല്ലാത്ത ഇന്ധന നഷ്ടം ഇല്ലാത്ത, സൂര്യ പ്രകാശത്തിന്റെ സഹായത്താല്‍ മാത്രം വെള്ളം ചൂടാക്കാന്‍ പറ്റുന്ന സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്തുകൊണ്ട് നിങ്ങള്‍ക്കും സ്വന്തമാക്കിക്കൂട?  വര്‍ഷങ്ങളോളം കേടാകാതെ പ്രവര്‍ത്തിക്കുന്ന ഈ ഒരു ഉപകരണം സ്വന്തമാക്കാന്‍ ഏകദേശം 25000 /- രൂപ ചിലവു വരും. കൂടാതെ പ്ലംബിംഗ് പണിക്കു വേറെയും. അനെര്‍ട്ട് എന്ന സെന്‍ട്രല്‍ ഗവണ്മെന്റ് സ്ഥാപനത്തെ സമീപിച്ചാല്‍ വളരെ വില കുറച്ചും നിങ്ങള്‍ക്കിത് ലഭിക്കും.

ഷാജി എസ് വി

Saturday, February 20, 2010

ബയോഗ്യാസ്‌

നമ്മുടെ വീടുകളില്‍ ദിവസേന വളരെയധികം ജൈവ മാലി ന്യങ്ങള്‍ ഉണ്ടാകാറുണ്ട്. എന്താണ് ജൈവ മാലിന്യം? പഴം,  പച്ചക്കറി , മത്സ്യം, മാംസം തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍.    അതെവിടെയെങ്കിലും കിടന്നു ചീഞ്ഞു നാറി നമുക്കുതന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നു.  ചിലപ്പോള്‍ കാക്ക കൊത്തി കിണറ്റിലിടുകയും  ചെയ്യും.  എന്തുകൊണ്ട് നമുക്കത് പ്രയോജന പെടുത്താന്‍ കഴിയുന്നില്ല? എങ്ങിനെ നമുക്കത് പ്രയോജനപെടുത്താം?
നമുക്കതുകൊണ്ട് പാചക വാതകം ഉണ്ടാക്കാം. പാചകവാതകത്തിനും വിറകിനും ക്ഷാമ മുള്ളപ്പോള്‍ എന്തു കൊണ്ടും നമുക്കതൊരു സഹായം ആവുകയും ചെയ്യും. എങ്ങിനെ?
 അതിനു നമുക്കൊരു ബയോഗ്യാസ്‌ പ്ലാന്‍റ് വേണം. അതിനു ഏകദേശം 5000 മുതല്‍ ചിലവു വരും. ഗവണ്മെന്റ് സഹായവും പ്രതീഷിക്കാം. അതില്‍ നിന്നും ലഭിക്കുന്ന മീതേയിന്‍ വാതകം  ജ്വലന  ശേഷി ഉള്ളതാണ്. ദിവസവും നമ്മുടെ വീട്ടിലുണ്ടാകുന്ന ജൈവ അവശിഷ്ടം അങ്ങിനെ മണിക്കൂറുകളോളം  തീയായി  നമുക്കു ലഭിക്കും.
നമ്മള്‍ ഉദേശി ക്കുന്നതുപോലെ ചീഞ്ഞു നാറും  എന്ന് കരുതുകയേ വേണ്ട. ഒരുതരത്തിലുള്ള നാറ്റവും ബയോഗ്യാസ്‌ പ്ലാന്റില്‍ നിന്നും ഉണ്ടാകുന്നില്ല. കൂടാതെ അതില്‍ നിന്നും സസ്യങ്ങള്‍ക്ക് പ്രയോജന മായ ഒരു ദ്രാവകവും ലഭിക്കും. കുറച്ചു വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ചെടികള്‍ക്ക് നല്‍കിയാല്‍, അവ തടിച്ചു കൊഴുത്തു വളരും. അപ്പോള്‍ പ്രയോജനം രണ്ടാണേ! 
ഒരുതരം ബാക്ടീരിയകളാണ് മാലിന്യത്തെ വിഘടിപ്പിച്ചു ബയോഗ്യാസ്‌ ആക്കി മാറ്റുന്നത്.

എന്റെ വീട്ടില്‍ അതൊന്നു ഞാന്‍ ഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്കുമാകാം ഒന്ന്.

Friday, February 19, 2010

ജലദോഷം

ഒരുതരം വൈറസ്‌ കാരണമുണ്ടാകുന്ന സാധാരണ ജലദോഷം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗം പകരാം. പനി, തലവേദന, ക്ഷീണം, ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ്, ദേഹം വേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍
നമ്മള്‍ നിസാരമായി കാണുന്ന ജലദോഷം പകരുന്നതെങ്ങിനെ എന്ന് അറിയാമോ?

അസുഖം ബാധിച്ച ആള്‍ തുമ്മുബോഴും ചുമക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും പുറത്തുവരുന്ന അനേകം ജലകണങ്ങള്‍ രോഗാണുക്കളോടൊപ്പം  അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. അത് ശ്വസിക്കാനിടവരുന്ന  ആള്‍ക്കാര്‍ക്ക് രോഗം വളരെ വേഗം പിടികൂടുന്നു. മാത്രമല്ല രോഗാണുക്കള്‍ ചുറ്റു പാടു മുള്ള വസ്തു വക കളില്‍ പറ്റിപിടിക്കുകയും ചെയ്യുന്നു. ഇതില്‍ അറിയാതെ തൊടുകയും മറ്റും ചെയ്യുന്ന  മറ്റുള്ളവര്‍ അവരറിയാതെ തന്നെ സ്വന്തം മൂക്കിലും വായിലും തൊടുന്നതു വഴി രോഗാണുക്കള്‍ കടക്കാന്‍ ഇടയാവുകയും രോഗം പിടി പെടുകയും ചെയ്യും. ഇത് നമുക്ക് തടയാന്‍ കഴിയുമോ? കഴിയും! എങ്ങനെ?

തുമ്മുബോഴും ചുമക്കുമ്പോഴും ഒരു തൂവാല കൊണ്ട് മുഖം മറയ്ക്കൂ! രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തില്ല. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും മറ്റുള്ളവര്‍ക്കും അങ്ങനെ രോഗം പകരാതെ  ഒരു പരിധി വരെ തടയാം. കൊച്ചുകുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും ജലദോഷം ദോഷം തന്നെയാണ്.

ഇനി ഒരു പക്ഷെ നിങ്ങള്‍ ജലദോഷമുള്ള ഒരാളുടെ അടുത്ത് പോകണം എന്ന് കരുതുക. അയാള്‍ക്കാകട്ടെ എങ്ങിനെയാണ്‌ ഇത് പകരുന്നത് എന്നറിയുകയും ഇല്ല. അയാള്‍ നിങ്ങളുടെ സാന്നിധ്യ ത്തില്‍ ചുമക്കുകയും തുമ്മുകയും ചെയ്യും. ഇവിടെ നിങ്ങള്‍ ക്ക് എങ്ങനെ രക്ഷപ്പെടാം? കഴിയുന്നതും രോഗിയില്‍ നിന്നും അകന്നു നില്‍ക്കുക, അതിനു കഴിഞ്ഞില്ലെങ്കില്‍ ഒരു തൂവല കൊണ്ട് നിങ്ങള്‍ നിങ്ങളുടെ മൂക്ക് പൊത്തി ശ്വസിക്കൂ, രോഗം പകരില്ല. ഇനി ഒരു കാര്യം  കൂടി ശ്രദ്ധിക്കണം  സോപ്പ് ഉപയോഗിച്ചു കൈകള്‍ കഴുകിയതിനു ശേഷം മാത്രം നിങ്ങള്‍ നിങ്ങളുടെ മൂക്കിലോ വായിലോ തൊടാവു.

മേല്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് കൊണ്ട് മാത്രം ഈ ലേഖകന് നാലു വര്‍ഷങ്ങളായി ജലദോഷം വന്നിട്ടേയില്ല!.

നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.

Saturday, November 21, 2009

പ്ലാസ്റ്റിക്‌ എന്ന വിപത്ത് ?

പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കൂ പ്രകൃതിയെ നമ്മുടെ ഭാവി തലമുറക്കായി സംരക്ഷിക്കൂ!
ഇന്ന് നമ്മുടെ ചുറ്റുപാടുകളില്‍ കണ്ണോടിച്ചാല്‍ എവിടെയും പ്ലാസ്റ്റിക്‌ അവശിഷ്ടങ്ങള്‍ മാത്രം. വളരെയധികം ദിവസങ്ങള്‍ നശിക്കാതെ നിലനില്‍ക്കാനുള്ള കഴിവാണ് പ്ലാസ്റ്റിക്കിനെ വില്ലനാക്കുന്നത്. മണ്ണില്‍ വീണു കിടക്കുന്ന പ്ലാസ്റ്റിക്‌ അവിടെയുള്ള ചെടികളുടെ വളര്‍ച്ച തടയുന്നു. ഓടകളിലും മറ്റും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്കാകട്ടെ വെള്ളമൊഴുക്ക് തടയുകയും വെള്ള ക്കെട്ട് കൊണ്ട് ഉണ്ടാകുന്ന മലിനീകരണത്തിന്  ഇടയാക്കുകയും ചെയ്യും. എന്നാല്‍ ഇതൊഴിവാക്കാനായി പ്ലാസ്റ്റിക്‌ കൂട്ടിയിട്ടു കത്തിച്ചാലോ! വിഷ വാതകമാണ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്. ഈ വാതകം  ശ്വസിക്കുന്നവര്‍ക്ക് മാരകമായ ക്യാന്‍സര്‍ തന്നെ ഉണ്ടാകാം. പ്ലാസ്റ്റിക്കി ന്റെ   ഉത്പാദന അവസരത്തില്‍  തന്നെ പലതരം മലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കള്‍ പുറം തള്ളുന്നുണ്ട്. പലതരം സസ്യഭുക്കുകളായ ജന്തുക്കള്‍ പ്ലാസ്റ്റിക്‌ പുല്ലിനോടോപ്പം ഭക്ഷിക്കുകയും കുടലില്‍ തടസ്സമുണ്ടായി ചത്തുപോകുകയും ചെയ്യുന്നുണ്ട്.
പേപ്പര്‍ ക്ലിപ്പ് മുതല്‍ ബഹിരാകാശ യാനങ്ങള്‍ വരെ ഉണ്ടാക്കുബോള്‍ ഉപയോഗിക്കുന്ന ഒരു വസ്തുആണല്ലോ പ്ലാസ്റ്റിക്‌. അതിനു കാരണം മറ്റു പ്രകൃതിജന്യ വസ്തുക്കളെ അപേക്ഷിച്ച്    അവയുടെ ലഭ്യതയും വിലക്കുറവുമാണ് .  
തൊട്ടതും പിടിച്ചതു മൊക്കെ നമ്മള്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌ കവറില്‍ ഇട്ടാണല്ലോ വാങ്ങുക. വീട്ടില്‍ നമ്മളതു പറമ്പിലേക്ക് വലിച്ചെറിയും. അങ്ങനെ കുന്നു കൂടുന്ന പ്ലാസ്റ്റിക്‌ പരിസ്ഥിതിക്ക് വരുത്തുന്ന കോട്ടം പറഞ്ഞാല്‍ തീരുന്നതല്ല. അതുകൊണ്ട് ഇന്നുമുതല്‍ പ്ലാസ്റ്റിക്‌ കവര്‍ വീട്ടില്‍ കൊണ്ടുവരില്ല എന്ന് നമുക്കോരോരുത്തര്‍ക്കും പ്രതിജ്ഞ  ചെയ്യാം.
സുര്യ പ്രകാശമേറ്റല്‍ നശിച്ചു പോകുന്ന തരം പ്ലാസ്റ്റിക്കിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുക, ഉപയോഗിച്ച പ്ലാസ്റ്റിക്‌ റീസൈക്കിള്‍ ചെയ്തു ഉപയോഗിക്കുക തുടങ്ങിയവ പ്ലാസ്റ്റിക്‌ പ്രകൃതിക്കു നല്‍കുന്ന ആഘാതം കുറക്കാന്‍ ഉപകരിക്കും.
എസ്. വി.  ഷാജി MSc(CS), B.Ed.